
ആലപ്പുഴ: ടിപ്പർലോറി കയറി കാല്‍ അറ്റ സ്കൂട്ടർ യാത്രക്കാരൻ ചികിത്സ വൈകിയതിനാല്‍ രക്തം വാർന്നു മരിച്ചു.തിരുവല്ല വളഞ്ഞവട്ടം ഒൻപതില്‍ വീട്ടില്‍ സക്കറിയ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിന് നീരേറ്റുപുറം ജങ്ഷനില്‍നിന്ന് ഫിനിഷിങ് പോയിന്റിലേക്കു പോകുന്ന റോഡിലായിരുന്നു അപകടം. ടിപ്പർലോറി മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാൻ പെട്ടെന്നു പിന്നോട്ടെടുത്തപ്പോഴാണ് പിന്നിലുണ്ടായിരുന്ന സ്കൂട്ടറില്‍ ഇടിച്ചത്. ഇടിയേറ്റുവീണ സക്കറിയയുടെ ഇടതുതുടയിലൂടെ പിൻചക്രം കയറിയിറങ്ങി.
നാട്ടുകാർ ഓടിയെത്തി സക്കറിയയെ താങ്ങിയിരുത്തിയെങ്കിലും കാല്‍ അറ്റിരുന്നു. ആശുപത്രിയിലേക്കു മാറ്റാൻ 108 ആംബുലൻസ് വിളിച്ചെങ്കിലും കൃത്യസമയത്തു ലഭിച്ചില്ല. എടത്വാ സിഎച്ച്‌സിയില്‍ ആംബുലൻസ് സേവനം രാവിലെ എട്ടരമുതലാണ്. ഇതുവന്ന് പരുമലയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. രക്തം വാർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്, ടിപ്പർ ഡ്രൈവറുടെ പേരില്‍ മനഃപൂർവമല്ലാത്ത നരഹത്യക്ക് എടത്വാ പോലീസ് കേസെടുത്തു. മരുമകൻ്റെ വീടുപണി നടക്കുന്ന സ്ഥലത്തേക്കു പോകുകയായിരുന്നു സക്കറിയ. ഭാര്യ: സുമാ സക്കറിയ. മക്കള്‍: റിൻസി (അയർലൻഡ്), റിയ (യുകെ) മരുമകൻ: ആശിഷ്, സംസ്കാരം പിന്നീട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group