play-sharp-fill
ദാസ്യപ്പണിയെടുക്കുന്ന പോലീസുകാർ 3200 പേർ എന്ന് തച്ചങ്കരി; ഒരു പണിയുമില്ലാത്ത പി പി തങ്കച്ചനുവരെ സംരക്ഷണം  എന്നു രേഖകൾ

ദാസ്യപ്പണിയെടുക്കുന്ന പോലീസുകാർ 3200 പേർ എന്ന് തച്ചങ്കരി; ഒരു പണിയുമില്ലാത്ത പി പി തങ്കച്ചനുവരെ സംരക്ഷണം എന്നു രേഖകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐപിഎസുകാരെ പോലെ തന്നെ മുൻമന്ത്രിമാരും എംഎൽഎമാരും ജഡ്ജിമാരുമെല്ലാം തന്നെ പോലീസുകാരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. താൻ ഇതിനെതിരെ നടപടി എടുക്കാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്നു സമ്മർദം ഉണ്ടായിരുന്നു. പോലീസുകാരനു ശമ്പളം വാങ്ങാൻ ഹാജർബുക്കിൽ ഒപ്പിടണം എന്നാൽ, ആരൊക്കെയോ എവിടെയൊക്കെയോ ഒപ്പിടുകയും ശമ്പളം വാങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മുൻപ് ഇതു കണ്ടെത്താൻ താൻ ശ്രമിച്ചപ്പോൾ മേലുദ്യോഗസ്ഥരുടെ പാര വന്നു എന്നും തന്റെ അന്വേഷണത്തിൽ 3200 പേർ ഇങ്ങനെ ഉള്ളതായി കണ്ടെത്തി എന്നും തച്ചങ്കരി.  ഒരു പണിയും ഇല്ലാത്ത പി. പി തങ്കച്ചന് തീവ്രവാദ ഭീഷണിയുണ്ടെന്ന് പറഞ്ഞ് രണ്ട് പോലീസുകാർ രാവും പകലും കാവലുണ്ട്. ഒരു ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചാൽ ഈ കമ്മിഷൻ വിരമിച്ചാലും പോലീസിനെ തിരികെ വിടില്ല. ജഡ്ജിമാരും ഇതു തന്നെയാണു ചെയ്യുന്നത്. പുതുതായി എത്തുന്ന ജഡ്ജി പോലീസിനെ ആവശ്യപ്പെടുബോൾ കൂടെ ഉള്ള ആളിനെ വിട്ടു നൽകാത്തവരാണു പല ജഡ്ജിമാരും. കോടതികളിൽ പ്രോസിക്യൂഷൻ ആവശ്യങ്ങൾക്കും കോടതി സുരക്ഷയ്ക്കുമാണു പോലീസിനെ വേണ്ടത്. ഇതിൽ കോടതി സെക്യൂരിറ്റിക്കായി ലോക്കൽ പൊലീസ് ഉണ്ടാകും. അത് അല്ലാതെ എന്തിനാണു പൊലീസിനെ ഉപയോഗിക്കേണ്ടതെന്നു വ്യക്തമല്ല. കോടതിയിൽ വേറെ സുരക്ഷ വേണമെങ്കിൽ മറ്റു സംവിധാനങ്ങളിലെപ്പോലെ സ്വന്തമായി സെക്യൂരിറ്റിയെ നിയോഗിക്കുകയാണ്
വേണ്ടതെന്നു തച്ചങ്കരി പറഞ്ഞു.