
തിരുവനന്തപുരം: ദേശീയപാതയില്‍ സൂപ്പർ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച സംഭവത്തില്‍ ജീവനക്കാർക്കെതിരെ നടപടിയുമായി കെഎസ്ആർടിസി.
ബസിലെ ഡ്രൈവർ- കണ്ടെക്ടർ ചുമതലയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും സർവീസില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു. ഇവർക്കെതിരെയുള്ള തുടരന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും സിഎംഡി പ്രമോജ് ശങ്കർ പറയുന്നു.
ജൂണ്‍ 3-ന് നെയ്യാറ്റിൻകര യൂണിറ്റിലെ KS-600 സൂപ്പർഫാസ്റ്റ് ബസ് നെയ്യാറ്റിൻകരയില്‍ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് ബസ് ജീവനക്കാർ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സർവീസ് തുടർന്നത് ദൃശ്യങ്ങള്‍ സഹിതം പ്രചരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്തകളുടെ അടിസ്ഥാനത്തില്‍ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ജോലിയില്‍ നിന്നും നീക്കിയത്.
“യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് കെഎസ്ആർടിസി പരമപ്രാധാന്യം നല്‍കുന്നത്. റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമലംഘനവും അംഗീകരിക്കില്ല.
ഇനിയും ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികള്‍ ആവർത്തിച്ചാല്‍ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും കെഎസ്ആർടിസി സിഎംഡി പറഞ്ഞു.







