
തിരുവനന്തപുരത്ത് മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച പൊലീസുകാരന്‍, കുടുംബം സഞ്ചരിച്ച കാറിലിടിച്ച് വന്‍ അപകടമുണ്ടാക്കി. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പിഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയതിനു പിന്നാലെ, ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ പൊലീസുകാരന്‍ റോഡിലിട്ട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അരുവിക്കര സിഇടി എന്‍ജിനീയറിങ് കോളേജിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനൂപാണ് മദ്യപിച്ച് പാഞ്ഞെത്തി അപകടമുണ്ടാക്കിയത്.
ഇയാള്‍ ഡ്യൂട്ടി സമയത്തും അല്ലാത്തപ്പോഴും സ്ഥിരമായി മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. പൊലീസുകാരന്റെ അമിതവേഗതയില്‍ വന്ന വാഹനം നിയന്ത്രണം വിട്ട് കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടുകയും നാട്ടുകാര്‍ ഉടന്‍ തന്നെ വിളപ്പില്‍ശാല പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ അനൂപ് കാറിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ വലിച്ച് സമീപത്തെ ഓടയിലേക്ക് എറിഞ്ഞു.
തെളിവ് നശിപ്പിക്കാനുള്ള പൊലീസുകാരന്റെ ഈ തന്ത്രം പക്ഷേ കാവല്‍ നിന്ന നാട്ടുകാര്‍ കൈയോടെ പിടികൂടി. ഓടയില്‍ നിന്ന് മദ്യക്കുപ്പികള്‍ പുറത്തെടുത്ത് നാട്ടുകാര്‍ പൊലീസിന് മുന്നില്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. അപകടത്തില്‍ തലയ്ക്കും ശരീരത്തിനും പരിക്കേറ്റ രണ്ട് കുട്ടികളെയും ഉടന്‍ തന്നെ നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം സ്റ്റേഷനിലെ ആളായതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഉറച്ചുനിന്നതോടെ അനൂപിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. പൊലീസുകാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മദ്യപാനം സ്ഥിരീകരിച്ചിട്ടുണ്ട്.







