Spread the love

തിരുവനന്തപുരം: കോർപ്പറേഷന്റെ സ്വയം തൊഴിൽ സംരംഭ പദ്ധതിയുടെ വായ്പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ മുൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിലായി.

video
play-sharp-fill

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ ആർ. ടി. പ്രവീൺ രാജിനെയാണ് (37) വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 അറസ്റ്റ് ചെയ്തത്. നിലവിൽ കൊല്ലം താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസറായ ഇയാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2020-2021 സാമ്പത്തിക വർഷത്തിൽ പൊതുവിഭാഗത്തിലെ വനിതകൾക്കായി നടപ്പാക്കിയ സ്വയംതൊഴിൽ സംരംഭ പദ്ധതിയിലാണ് പ്രതി വൻ ക്രമക്കേട് നടത്തിയത്.

അർഹരായ യഥാർത്ഥ ഗുണഭോക്താക്കൾക്ക് തുക നൽകാതെ,വിതരണം ചെയ്തതായി കാണിച്ച് ഇയാൾ വ്യാജരേഖകൾ ചമയ്ക്കുകയായിരുന്നു. തുടർന്ന് കേസിലെ മറ്റൊരു പ്രതിയായ എസ്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ കോടിക്കണക്കിന് രൂപ കൈമാറിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കോർപ്പറേഷനിലെ സമാനമായ മറ്റ് രണ്ട് വലിയ ഫണ്ട് തട്ടിപ്പ് കേസുകളിലും പ്രവീൺ രാജ് പ്രതിയാണെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയംതൊഴിൽ സംരംഭ പദ്ധതിയിലെ വായ്പ സബ്‌സിഡിയിൽ 24 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതാണ് ഒന്നാമത്തെ കേസ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ 1.14 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് നടത്തിയതാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് സംഭവങ്ങളിലും ഇയാൾക്കെതിരെ നേരത്തെ തന്നെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.