
ഡല്‍ഹി: വിവാദമായ സി.എം.ആർ.എല്‍ (CMRL) മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി.
വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (SFIO) മുൻപാകെ ഹാജരായി മൊഴി നല്‍കിയിട്ടുണ്ടെന്ന് സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എം.ആർ.എല്‍ നല്കിയ രാഷ്ട്രീയ സംഭാവനകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. നിലവിലെ (യു.ഡി.എഫ്) മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങള്‍ തങ്ങള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച കാര്യമാണ്. അങ്ങനെയെങ്കില്‍ അവർ ഈ സംഭാവന വാങ്ങിയത് കൃത്യമായ നിയമം പാലിച്ചാണോ എന്ന് വ്യക്തമാക്കാൻ തയ്യാറാകണം.
ഈ പണം കൈപ്പറ്റിയ കാര്യം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പ്രമുഖർ കൈപ്പറ്റിയ തുകയുമായി വെച്ചുനോക്കുമ്പോള്‍ വീണ വാങ്ങിയെന്ന് പറയുന്ന തുക എത്രയോ ചെറുതാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ സഖ്യ യോഗത്തില്‍ അദാനിയെ കേരളത്തില്‍ കൊണ്ടുവന്നത് സിപിഐഎം ആണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനും ജോണ്‍ ബ്രിട്ടാസ് മറുപടി നല്കി. പൂർണ്ണമായും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. അദാനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. ഇക്കാര്യം യോഗത്തില്‍ വെച്ചുതന്നെ താൻ വ്യക്തമാക്കിയതാണെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ അദാനിയെ കൊണ്ടുവന്നതും സിപിഐഎം ആണോ എന്നും ബ്രിട്ടാസ് പരിഹസിച്ചു.







