
കോട്ടയം : നീണ്ട ഇടവേളക്ക് ശേഷം റബർ വില റെക്കാഡ് മറികടന്നു കിലോയ്ക്ക് 270 ലേക്ക് തൊടുന്നു. ഇന്നലെ അർ.എസ്.എസ് ഫോർ റബർ ബോർഡ് വില 267 രൂപയായിരുന്നു.
വ്യാപാരി വില 259 ഉം, 255 രൂപയായിരുന്നു ഇതു വരെയുള്ള റെക്കാഡ് വില. ഷീറ്റിന് ക്ഷാമമായതിനാൽ 270 രൂപ വരെ നൽകാൻ വൻവ്യവസായികൾ തയ്യാറായി.
അന്താരാഷ്ട്ര വില 300 കടന്നതാണ് ആഭ്യന്തര വില കുതിക്കാൻ കാരണം. ഉത്പാദനം കുറവായതോടെ വിപണിയിൽ നിന്ന് വിട്ടുനിന്നു വില ഇടിക്കാനുള്ള ടയർ വ്യവസായികളുടെ നീക്കം പാളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തായ്ലാൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് ഉത്പാദനം കുറഞ്ഞതും പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനാൽ ക്രൂഡ് ഓയിൽ വില വർദ്ധനവുമാണ് അന്താരാഷ്ട്ര വില ഉയരാൻ കാരണം.
ആഭ്യന്തര ഉത്പാദനം എട്ടുലക്ഷം ടണ്ണും ഉപഭോഗം 15 .5 ലക്ഷവുമാണ്. ഇതിൽ 40 ശതമാനവും ലാറ്റക്സായതിനാൽ ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്.
ആവശ്യകത കൂടിയതോടെ മൂന്നര ലക്ഷം കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്തിരുന്നു. ഇതുകൂടി ചേർത്ത് ഉപഭോഗം 18 ലക്ഷം ടണ്ണിൽ എത്തിയതോടെ പത്തു ലക്ഷം ടണ്ണിന്റെ കുറവാണ് ഇപ്പോൾ.
30 ശതമാനത്തിൽ താഴെ തോട്ടങ്ങളിൽ മാത്രമാണ് റെയിൻഗാർഡ് ഘടിപ്പിച്ചുള്ള ടാപ്പിംഗ്. ചെലവ് കൂടുമെന്നതിനാൽ ചെറുകിട കർഷകർ ടാപ്പിംഗ് ആരംഭിച്ചിട്ടില്ല.
റെക്കാഡ് വില നേട്ടം വൻകിട തോട്ടമുടമകൾക്കാണ്. റബർ സ്റ്റോക്ക് ചെയ്തിട്ടുള്ളതും വൻകിട തോട്ടമുടമകളാണ്. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ ഷീറ്റ് വിൽക്കാതെ കാത്തിരിക്കുകയാണ് അവർ.







