
അങ്കമാലി: അങ്കമാലി നഗരത്തിലും പരിസരപ്രദേശങ്ങളിലും വഴിയാത്രക്കാർക്കും ബസ് കാത്തുനിന്നവർക്കും നേരെ പരക്കെ അക്രമം അഴിച്ചുവിട്ട തെരുവ് നായയ്ക്ക് പേവിഷബാധ (Rabies) ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
തൃശൂർ മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല ലബോറട്ടറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് അങ്കമാലി നഗരസഭ ചെയർപേഴ്സണ്‍ റീത്ത പോള്‍ അറിയിച്ചു. നായയുടെ ആക്രമണത്തില്‍ ആകെ 15 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
കടിയേറ്റവർക്കെല്ലാം അടിയന്തിര സാമ്പത്തിക സഹായമായി നഗരസഭ 5000 രൂപ വീതം അനുവദിക്കും. ഇവരുടെ തുടർചികിത്സയ്ക്ക് ആവശ്യമായ അധികച്ചെലവ് വരികയാണെങ്കില്‍ കൂടുതല്‍ ധനസഹായം നല്കുന്ന കാര്യം നഗരസഭ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ചെയർപേഴ്സണ്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അലഞ്ഞുതിരിയുന്നതും ആക്രമണകാരികളായതുമായ നായകളെ അടിയന്തിരമായി പിടികൂടാൻ പാലക്കാട്ട് നിന്ന് പ്രത്യേക നായപിടുത്ത സംഘത്തെ ഏർപ്പാടാക്കിയതായി നഗരസഭ വൈസ് ചെയർപേഴ്സണ്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ (തിങ്കള്‍, ചൊവ്വ) നഗരസഭാ പരിധിയില്‍ ഇവർ വ്യാപകമായി നായകളെ പിടികൂടും.
തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട തുടർനടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രദേശവാസികള്‍ നിലവില്‍ അതീവ ജാഗ്രത പാലിക്കണമെന്നും വളർത്തുനായ്ക്കള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.







