
തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്റെ ജഢമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിൽ ചില്ലിക്കൊമ്പന്‍ ഒഴുക്കിൽപ്പെട്ടത്. വിവരം ലഭിച്ച തമിഴ്നാട് ജലസേചന വകുപ്പ് ജഡം കനാലിലെ ജലപ്രവാഹം കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല. ഒടുവിൽ ആറരയോടെ ആനയുടെ ജഢം തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിൽ കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പൻ. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ആനയ്ക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടത്. ഇടയ്ക്കിടെ നെല്ലിയാമ്പതി ജനവാസമേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പൻ നാട്ടുകാർക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല. അതിനാൽതന്നെ നെല്ലിയാമ്പതിക്കാർക്ക് പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പൻ. ഉടുമലയിലെ വനപാലകർ ജഢം പ്രദേശത്ത് തന്നെ സംസ്കരിക്കും.






