
മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആദ്യ അലോട്ട്മെന്റിൽ തന്നെ അഡീഷണൽ ബാച്ചുകൾ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. മലപ്പുറത്തും പാലക്കാടുമാണ് സീറ്റ് കുറവ് ഏറ്റവും രൂക്ഷമായിരിക്കുന്ന ജില്ലകളെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് മുന്നിലുള്ളത് വളരെ കുറച്ച് സമയം മാത്രമാണെങ്കിലും ചെറിയ സാവകാശം ലഭിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാഭ്യാസ ജില്ലയിലും എസ്.എസ്.എൽ.സി വിജയിക്കുന്ന വിദ്യാർഥികൾക്ക് അതേ ജില്ലയിൽ തന്നെ പ്ലസ് വൺ സീറ്റ് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഡി.ഇ.ഒ അടിസ്ഥാനത്തിൽ സീറ്റുകൾ ക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ച കരാറിന്റെ നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തുടർതീരുമാനമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവയ്ക്കാൻ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നുവെങ്കിലും ഇതിനിടെ ചില ഫണ്ടുകൾ കേന്ദ്രം അനുവദിക്കുകയും സംസ്ഥാനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വിഷയത്തിൽ ചർച്ച നടത്തി നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






