
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ടിടിഐയുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ച ആറുവയസുകാരനെ കോഴിക്കോട് ഉള്ളിയേരി സ്വദേശിയും ടിടിഐയുമായ നിഖിൽ മിത്ര സാഹസികമായി രക്ഷപ്പെടുത്തി.
ശനിയാഴ്ച വൈകിട്ട് 3.40ഓടെ ട്രെയിൻ ആലുവ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് സംഭവം. ആലപ്പുഴ സ്വദേശിയായ സുനിൽകുമാറും ഭാര്യയും രണ്ട് മക്കളുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് അപകടസാഹചര്യമുണ്ടായത്. കുട്ടികളെ ആദ്യം ട്രെയിനിൽ കയറ്റിയെങ്കിലും മാതാപിതാക്കൾ കയറുന്നതിന് മുമ്പ് ട്രെയിൻ മുന്നോട്ടു നീങ്ങി. ഇതോടെ ഭയന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി. ട്രെയിൻ വേഗം കുറവായിരുന്നതിനാൽ കുട്ടിക്ക് പരിക്കേറ്റില്ല.
എന്നാൽ സഹോദരൻ ചാടുന്നത് കണ്ട ആറുവയസുകാരനും ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാൻ വാതിലിനരികിലെത്തി. പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നിഖിൽ മിത്ര, കുട്ടി ചാടുന്നതിന് തൊട്ടുമുമ്പ് പിടിച്ചുമാറ്റി സുരക്ഷിതനാക്കി. തുടർന്ന് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ റെയിൽവേ അധികൃതർ ആർപിഎഫിന്റെ സഹായത്തോടെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. സമയോചിതമായ ഇടപെടലിലൂടെ ഒരു കുടുംബത്തെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും റെയിൽവേ ജീവനക്കാരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group







