Spread the love

പ്രതിപക്ഷ വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്ത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശന്‍റെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അ‌ടക്കം വിമർശനമുയർന്നിരുന്നു. രത്തൻ ഖേൽക്കരുടെ നിയമനം ബംഗാളിലേതിന് സമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കെസി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാൻ കഴിയുന്നില്ല. കോൺഗ്രസിന് അകത്തുതന്നെ പ്രശ്നങ്ങൾ ഉണ്ട് ശക്തമായി ന്യായീകരിക്കാനോ എതിർക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ല. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിത്. പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാത്ത കമ്മീഷൻ്റെ ഭാഗമാണ് ഖേൽക്കർ. ഡീൽ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. എല്ലാം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

video
play-sharp-fill

ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയും എസ്ഐആര്‍ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ആക്കിയതിനെതിരെ രാഹുൽ ഗാന്ധി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. മോഷണം കൂടും തോറും പ്രതിഫലവും കൂടുമെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. ഈ വിമർശനം നിലനിൽക്കെയാണ് കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുന്നത്.