Spread the love

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ. പാറക്കൽ അബ്ദുള്ള എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കുന്നത്. നേരത്തെ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഫൊറൻസിക് റിപ്പോർട്ടും പുറത്ത് വന്നില്ല. സ്ക്രീൻഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാദത്തിൽ രണ്ടുവർഷത്തോളം അന്വേഷണം നീണ്ടിരുന്നു. സിപിഎമ്മാണ് സ്‌ക്രീൻഷോട്ടിന് പിന്നിലെന്നാണ് യുഡിഎഫിന്റെ ആരോപണം.

video
play-sharp-fill

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരു ദിവസം ബാക്കി നിൽക്കെ എൽഡിഎഫി സ്ഥാനാർഥിയായിരുന്ന കെകെ ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം. കേസിൽ ആദ്യം എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്സ്ആപ്പ്‌ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി തുടങ്ങിയ ഇടത് സൈബർ പോരാളികൾ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.