
നേമം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയിൽ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ ഗുരുതര ആരോപണം. ബിജെപിയിൽ നിന്ന് ചിലർ പണം പറ്റിയെന്നും തോൽവിക്ക് വഴിയൊരുക്കിയത് ഇവരാണ് എന്നും ആരോപണം ഉയർന്നു. പാർട്ടി കമ്മീഷനെ വച്ചാൽ തെളിവുകൾ നൽകാൻ തയ്യാറാണ് എന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. എംവി ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്തരം ഒരു വിമർശനം ഉയർന്നത്. രാജീവ് ചന്ദ്രശേഖർ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നേമം പിടിച്ചടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നേമത്ത് നടന്നത്. എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്. കെഎസ് ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി. 2016ൽ ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ നേരത്തെ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയിരുന്നു. അന്നും ശിവൻകുട്ടി തന്നെയായിരുന്നു എതിർ സ്ഥാനാർഥി.






