
കോട്ടയം: രണ്ടാം വാർഡിൽ കിടക്കുന്ന രോഗി പ്രാഥമിക ആവശ്യം നിർവഹിക്കുന്നത് മറ്റൊരു വാർഡിൽ . നടക്കാൻ പറ്റാത്ത രോഗിയാണെങ്കിൽ ചുമന്നാണ് മറ്റ് വാർഡുകളിലെ ബാത്ത്റൂമിൽ എത്തിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജിലാണ് ഈ ദുരവസ്ഥ.
ആശുപത്രിയില്‍ രണ്ട് , ആറ്, ഒമ്പത് വാർഡുകളിലെ ശുചി മുറികള്‍ പൊളിച്ചു നീക്കിയെങ്കിലും പുതിയത് നിർമിക്കാൻ വൈകുന്നു.
കഴിഞ്ഞ ജൂലൈ മൂന്നിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരണപ്പെട്ടതിനെത്തുടർന്ന് രണ്ട്, ആറ്, ഒമ്പത് വാർഡുകളിലെ കാലപ്പഴക്കം ചെന്ന ശുചിമുറി അടച്ചുപൂട്ടിയിരുന്നു.
തുടർന്ന് കഴിഞ്ഞമാസം ഈ ശുചിമുറികള്‍ പൊളിച്ചുനീക്കിയെങ്കിലും പുതിയവയുടെ നിർമാണം വൈകുകയാണ്. ഇത് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റു വാർഡുകളിലെ ശുചിമുറിയാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട്, ആറ്, ഒമ്പത് വാർഡുകളില്‍ ഓപ്പറേഷൻ കഴിഞ്ഞവർ, കൈകാലുകള്‍ ഒടിഞ്ഞവർ, കിടന്നകിടപ്പില്‍ കിടക്കുന്നവർ അടക്കം വ്യത്യസ്ത രോഗികളാണ് ചികിത്സയിലുള്ളത്. നടക്കാനാകാത്ത രോഗികള്‍ പ്രാഥമിക കൃത്യം നിർവഹിക്കാൻ മറ്റു വാർഡുകളിലേക്ക് പോകേണ്ടി വരുന്നത് ദുരിതത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഇങ്ങനെയുള്ള രോഗികളെ സ്ട്രെക്ച്ചറിലും ട്രോളിയിലുമൊക്കെയാണ് മറ്റു വാർഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നത്. പുതിയ ശുചിമുറികളുടെ നിർമാണം വൈകുന്തോറും ഈ വാർഡുകളിലെ രോഗികളുടെ ദുരിതം മാറ്റമില്ലാതെ തുടരും.



