
കൊച്ചി : ഗൾഫ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി പ്രതികളായ മലയാളികള്‍. കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാൻ കാരണമെന്നും ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികള്‍ പ്രതികരിച്ചു.
വായ്പാ തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെടാനും കൂടുതല്‍ സമയം ചോദിക്കാനും പ്രതികള്‍ ശ്രമം നടത്തി. കേസില്‍ പ്രതി ചേർക്കപ്പെട്ട 12 പേരില്‍ മിക്കവരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്. പൊലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും പ്രതികളായ മലയാളികള്‍ വ്യക്തമാക്കി.
കുവൈറ്റിലെ ബാങ്കിനെ ശതകോടികള്‍ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗള്‍ഫ് ബാങ്ക് കുവൈറ്റ് അധികൃതർ നല്‍കിയ പരാതിയില്‍ കേരളത്തില്‍ 12 കേസുകള്‍ രജിസ്റ്റർ ചെയ്തു. കോടികള്‍ ലോണ്‍ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷത്തില്‍ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ ഡപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്ദുള്‍ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തില്‍ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. 2020 -22 കാലഘട്ടത്തില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറ് മലയാളികളടക്കം 1425 പേർ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി.
സംസ്ഥാന പൊലീസ് ഉന്നതരെ വന്നു കണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. അറുപത് ലക്ഷം മുതല്‍ 2 കോടി രൂപ വരെയാണ് ഇവരോരുത്തരും കുവൈറ്റിലെ സാലറി സർട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകള്‍ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി. ഭൂരിഭാഗം പേരും അമേരിക, കാനഡ, ബ്രിട്ടൻ, അയർലൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്‍റെ സഹായം തേടിയിരിക്കുന്നത്.