നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം നവംബർ 24ന്: ഉച്ചകഴിഞ്ഞ് 2 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് കർദിനാൾ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട അതിരൂപതാ വൈദികൻ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക തിരുകർമങ്ങൾ നവംബർ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിക്കുള്ളിൽ നടക്കും.
ആദ്യം മെത്രാൻമാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയിൽ നിന്നാരംഭിച്ച് മെത്രാപ്പോലിത്തൻപള്ളിയിൽ എത്തിച്ചേരും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആർച്ചുബിഷപ് മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്യും. തുടർന്ന് മെത്രാഭിഷേകത്തിന്റെ തിരുകർമങ്ങൾ ആരംഭിക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ കാർമികനായിരിക്കും. ആർച്ചുബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗർ പഞ്ഞപാർറ എന്നിവർ സഹകാർമികരായിരിക്കും.
ആർച്ചുബിഷപ് മാർ ജോർജ് കൂവക്കാടിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജർ ആർച്ചുബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് വചനസന്ദേശം നൽകും. വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിയിൽ ആശംസാപ്രസംഗങ്ങൾ നടത്തപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറോമലബാർ സഭയുടെ മുൻ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗർ പേഞ്ഞ പാർറ, ചങ്ങനാശേരി അതിരൂപതാ മൂൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹ്യദയപള്ളി വികാരിയും ആശ്രമം പ്രയോരും മാർ ജോർജ് കൂവക്കാടിന്റെ മാതൃസഹോദരനുമായ റവ. ഫാ. തോമസ് കല്ലുകളം സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും. മാർ ജോർജ് കൂവക്കാട് എല്ലാവർക്കും നന്ദിയർപ്പിക്കും.
പങ്കെടുക്കുന്നവർ.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കർദിനാളന്മാർ, മെത്രാൻമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം.എൽ.എമാർ, കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നും വൈദികർ, സന്യസ്തർ, അത്മായർ എന്നിവരടങ്ങുന്ന 4000-ൽ അധികം പ്രതിനിധികളും പങ്കെടുക്കും.
ക്രമീകരണങ്ങൾ
ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകത്തിനുള്ള ക്രമീകരണങ്ങൾ നടത്തുവരുന്നു. അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ആൻറണി ഏത്തക്കാട് ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. റവ. ഫാ. തോമസ് കറുകക്കളം, റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ കൺവീനഴ്സ് ആയി പ്രവർത്തിക്കുന്നു.
വൈദികരുടെ നേതൃതത്തിൽ പന്ത്രണ്ട് കമ്മിറ്റികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. തിരുകർമങ്ങൾ നടത്തപ്പെടുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ വികാരി വെരി റവ ഫാ. ജോസ് കൊച്ചുപറമ്പിൽ, കൈക്കാരൻ ജോമി ജോസഫ് കാവാലംപുതുപ്പറമ്പിൽ എന്നിവരുടെ നേത്യതത്തിലും ക്രമീകരണങ്ങൾ നടന്നുവരുന്നു.
പാർക്കിംഗ് സൗകര്യങ്ങൾ
വിഐപി വാഹന പാർക്കിംഗ്
കത്തീഡ്രൽ പള്ളിയുടെ ഗ്രൗണ്ടിൽ വിശിഷ്ഠാതിഥികളുടെ (VIP) വാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. (ഏകദേശം 80 വാഹനങ്ങൾ)
വൈദികർക്കും സിസ്റ്റേഴ്സിനും വേണ്ടിയുള്ള പാർക്കിംഗ്
കാറുകളിൽ വരുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവർ എസ്ബി കോളേജിൻ്റെ ഗേറ്റ് നമ്പർ 1,2 വഴി പ്രവേശിച്ച് ടവർ ബ്ലോക്കിന്റെ മുൻവശങ്ങളിൽ വാഹനം പാർക്കു ചെയ്ത് അവിടെ നിന്നു ക്രമീകരിച്ചിരിക്കുന്ന ട്രാവലറിൽ കയറി കത്തീഡ്രൽ പള്ളിയിലേക്ക് പോകേണ്ടതാണ്.
പള്ളികളിൽ നിന്നുവരുന്ന വാഹനങ്ങളുടെ പാർക്കിംഗ്
ചങ്ങനാശ്ശേരി-വാഴൂർ റോഡിലൂടെ വരുന്ന മണിമല, നെടുകുന്നം, കുറുമ്പനാടം ഫൊറോനകളിലെ വാഹനങ്ങൾ റെയിൽവേ ബൈപ്പാസിൽനിന്നും വലതുവശത്തേക്ക് തിരിഞ്ഞും കവിയൂർ റോഡുവഴി വരുന്ന തൃക്കൊടിത്താനം ഫൊറോനയിലെ വാഹനങ്ങൾ എസ്എച്ച് സ്കൂൾ ജംഗ്ഷനിൽനിന്നും വലത്തേക്ക് തിരിഞ്ഞും പാലാത്ര ബൈപ്പാസ് വഴി എംസി റോഡിൽ ഇറങ്ങി മധുമൂല വഴി എസ്ബി കോളേജ് ഗേറ്റ് നമ്പർ 1, 2 വഴി പ്രവേശിച്ച് കാവുകാട്ട് ഹാളിന്റെ മുൻപിലുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. അവിടെനിന്ന് ആളുകൾ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Max ന്റെ) മുൻപിൽകൂടിയുള്ള റോഡിലൂടെ കത്തീഡ്രൽ പള്ളിയിലേക്ക് നടന്നുപോകുന്നു.
കോട്ടയം ഭാഗത്തുനിന്ന് എംസി റോഡിലൂടെ വരുന്ന അതിരമ്പുഴ, കോട്ടയം, കുടമാളൂർ, തുരുത്തി എന്നീ ഫൊറോനകളിലെ വാഹനങ്ങൾ മധുമൂലവഴിവന്ന് ഓക്സിജൻ ഷോറൂമിനോടു ചേർന്നുള്ള എസ്ബി കോളേജിന്റെ ഗേറ്റ്നമ്പർ 3 വഴിപ്രവേശിച്ച് എസ്ബികോളേജിന്റെ ഇൻഡോർ സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടങ്ങളിലായി പാർക്കുചെയ്യുകയും ആളുകൾ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Max ന്റെ) മുൻപിൽകൂടിയുള്ള റോഡിലൂടെ കത്തീഡ്രൽ പള്ളിയിലേക്ക് നടന്നു പോവുകയും ചെയ്യേണ്ടതാണ്.
കുട്ടനാട്ടിൽനിന്നു എസി റോഡിലൂടെ വരുന്ന പുളിങ്കുന്ന്, പമ്പക്കുളം, ആലപ്പുഴ, മുഹമ്മ എന്നീ ഫൊറോനകളിലെ വാഹനങ്ങൾ പുഴവാത് കുരിശടിയിൽവന്നും ഇടതുവശത്തേക് തിരിഞ്ഞ് മീൻചന്ത, വെജിറ്റബിൾമാർക്കറ്റ്, കൊച്ചുപള്ളിയുടെ മുൻവശം, വണ്ടിപേട്ട എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുകയും അവിടെനിന്ന് ആളുകൾ കത്തീഡ്രൽ പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
തിരുവനന്തപുരം ഭാഗത്തുനിന്നും എടത്വായിൽനിന്നും എംസി റോഡിലൂടെ വരുന്ന അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, എടത്വ ഫൊറോനകളിലെ വാഹനങ്ങൾ പെരുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷൻവഴി മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ മുൻവശത്തുനിന്ന് ഇടത്തേക്കുതിരിഞ്ഞ് റവന്യൂ ടവറിന്റെ പാർക്കിംഗ് സ്ഥലത്തും ചുറ്റുവട്ടങ്ങളലും പാർക്ക് ചെയ്യുകയും അവിടെനിന്ന് ആളുകൾ കത്തീഡ്രൽപള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
ചങ്ങനാശ്ശേരി ഫൊറോനയിലെ പള്ളികളിൽ നിന്നുവരുന്ന വാഹനങ്ങൾ എസ്ബി കോളേജിന്റെ എതിർവശത്തുള്ള മുൻസിപ്പൽ ടൗൺഹാളിന്റെ പാർക്കിംഗ് ഏരിയായിലും സൈഡിലുമായി പാർക്കുചെയ്യുകയും അവിടെനിന്ന് ആളുകൾ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Max ന്റെ) മുൻപിൽകൂടിയുള്ള റോഡിലൂടെ കത്തീഡ്രൽപള്ളിയിലേക്ക് നടന്നു പോവുകയും ചെയ്യേണ്ടതാണ്.
ടൂവീലർ പാർക്കിംഗ്
എല്ലാ ഫൊറോനകളിൽ നിന്നും ടൂവീലറുകളിൽ വരുന്നവർ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ Maxന്റെ) മുൻപിൽ കൂടിയുള്ള റോഡിൽ പ്രവേശിച്ച് ഇടിമണ്ണിക്കൽ ജൂവലേഴ്സിന്റെ പാർക്കിംഗ് ഏരിയായിലും അസ്സീസി ബുക്ക്സ്റ്റാളിന്റെ പാർക്കിംഗ് ഏരിയായിലും പാർക്കുചെയ്യുകയും അവിടെനിന്ന് ആളുകൾ കത്തീഡ്രൽ പള്ളിയിലേക്ക് നടന്നു പോവുകയും ചെയ്യേണ്ടതാണ്.