play-sharp-fill
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യം ചെയ്തു ; ചോദ്യം ചെയ്ത കണ്ടക്ടറെ യുവാവ് ഇടിവളകൊണ്ട് ഇടിച്ച് മൂക്ക് പൊട്ടിച്ചു ; യുവാവ് പോലീസ് കസ്റ്റഡിയിൽ

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യം ചെയ്തു ; ചോദ്യം ചെയ്ത കണ്ടക്ടറെ യുവാവ് ഇടിവളകൊണ്ട് ഇടിച്ച് മൂക്ക് പൊട്ടിച്ചു ; യുവാവ് പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനുള്ളില്‍ കണ്ടക്ടറുടെ മൂക്ക് ഇടിച്ച് തകര്‍ത്ത് യാത്രക്കാരനായ യുവാവ്. ബസിനുള്ളില്‍ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് യുവാവ് കണ്ടക്ടറെ ആക്രമിച്ചത്. തിരുവനന്തപുരം പൂന്തുറ സ്വദേശി സിജോ (23) സംഭവത്തില്‍ പൊലീസിന്റെ കസ്റ്റഡിയിലായി. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരാണ് പ്രതിയെ പിടികൂടി തടഞ്ഞ് വെച്ചതും പിന്നീട് പൂന്തുറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതും.

ബസിനുള്ളില്‍ കയറിയ സിജോ ടിക്കറ്റ് എടുത്ത ശേഷം ഉള്ളിലുണ്ടായിരുന്ന യുവതിയെ കമന്റ് അടിക്കാനും ശല്യപ്പെടുത്താനും തുടങ്ങി. ഇതോടെ കണ്ടക്ടര്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി എം ശ്രീജിത്ത് വിഷയത്തില്‍ ഇടപെടുകയും യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കയ്യില്‍ ധരിച്ചിരുന്ന ഇടിവളയും മോതിരങ്ങളും ഉപയോഗിച്ച് സിജോ, ശ്രീജിത്തിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. മുഖത്ത് ക്രൂരമായ മര്‍ദ്ദനമേറ്റ കണ്ടക്ടറുടെ മൂക്കിലെ എല്ല് തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മര്‍ദ്ദനത്തില്‍ ഇയാളുടെ ചുണ്ടിനും ചെവിക്കും തലയിലും പരിക്കേറ്റു. തുടര്‍ന്ന് കണ്ടക്ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂന്തുറയിലാണ് സംഭവം. ബസില്‍ കയറി ടിക്കറ്റെടുത്തശേഷം ഷിജോ യാത്രക്കാരിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദിച്ചതെന്ന് കണ്ടക്ടര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബസിന്റെ യാത്രമുടങ്ങിയതുകാരണം 4000 രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.