
എഡിഎം നവീൻ ബാബുവിന്റെ മരണം : പി.പി ദിവ്യയ്ക്കെതിരെ നടപടി ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി ; കണ്ണൂർ ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്
സ്വന്തം ലേഖകൻ
കണ്ണൂർ : എഡിഎം നവീൻബാബുവിന്റെ മരണത്തിൽ ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പി.പി.ദിവ്യയെ നീക്കി. കെ.കെ.രത്നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ്യ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണു പാർട്ടി സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമഗ്രമായ അന്വേഷണം നടത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്നകുമാരിയെ പരിഗണിക്കാൻ തീരുമാനിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.