play-sharp-fill
കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി ;മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല

കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി ;മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല

ലഖ്‌നൗ: ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.
നിഷാത്ഗഞ്ച് സ്വദേശിയായ ഡെലിവറി ബോയ് ഭരത് സാഹുവാണ് കൊല്ലപ്പെട്ടത്. ചിന്‍ഹാട്ട് സ്വദേശി ഗജാനനും കൂട്ടാളിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

ഗജാനന്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ കാഷ് ഓണ്‍ ഡെലിവറി പേയ്മെന്റ് ഓപ്ഷന്‍ വഴി, ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശശാങ്ക് സിങ് പറഞ്ഞു.

സെപ്റ്റംബര്‍ 23 ന് ഡെലിവറി ബോയ് ഭരത് സാഹു ഗജാനന്റെ അടുത്ത് ഫോണുമായി എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ വെച്ച്‌ ഫോണ്‍ കൈപ്പറ്റിയശേഷം, ഭരത് സാഹുവിന്റെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ട് ഇന്ദിരാ കനാലില്‍ തള്ളുകയായിരുന്നു.

രണ്ട് ദിവസമായിട്ടും സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി.

ഭരത് സാഹുവിന്റെ കോള്‍ ഡീറ്റൈല്‍സ് സ്‌കാന്‍ ചെയ്ത് ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഗജാനന്റെ നമ്പര്‍ ഫോണില്‍ പൊലീസ് കണ്ടെത്തി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗജാനന്റെ കൂട്ടാളി ആകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് ആകാശ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.

ഭരത് സാഹുവിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇന്ദിരാ കനാലില്‍ നിന്നും മൃതദേഹം കണ്ടെത്താനായി പൊലീസ് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ഗജാനനെ പിടിക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശശാങ്ക് സിങ് പറഞ്ഞു.