
ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ
ഇസ്‌ലാമാബാദ്: 15 ദിവസം മാത്രം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസിലെ തരുഷ സ്വദേശി തയ്യബാണ് അറസ്റ്റിലായത്. കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രതി പോലീസിന് മൊഴി നൽകി.
വലിയ രീതിയിൽ സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നതായി ഇയാൾ പറഞ്ഞു. കുഞ്ഞിനെ ജീവനോടെ ചാക്കിൽ വച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പിതാവ് പോലീസിനോട് വെളിപ്പെടുത്തി. തയ്യബിനെ പോലീസ് കോടതിയിൽ ഹാജരാക്കി.
കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ അഭിമുഖീകരിക്കുന്നത്. കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യത്തിലെ കുത്തനെയുളള ഇടിവാണ് പാകിസ്ഥാൻ അടി പതറാനുള്ള പ്രധാന കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമത്താൽ സാധാരണക്കാർ പ്രതിസന്ധിയിലാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്നാണ് ഐഎംഎഫ് പാകിസ്ഥാനെ വിശേഷിപ്പിച്ചത്.
ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാകിസ്ഥാന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണുള്ളത്. ഇതോടൊപ്പം സഹായം നൽകിക്കൊണ്ടിരുന്ന സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനെ സഹായിക്കുന്നതിനുളള വിമുഖത അറിയിച്ചതും തിരിച്ചടിയായിട്ടുണ്ട്.