കേന്ദ്രനയത്തിനെതിരായ ഡല്‍ഹിയിലെ സംയുക്ത സമരം; യുഡിഎഫ് പങ്കെടുക്കില്ല, മുഖ്യമന്ത്രിക്ക് കത്ത് നല്കി വി ഡി സതീശൻ
സ്വന്തം ലേഖിക
കേന്ദ്രസർക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സർക്കാർ നടത്താൻ തീരുമാനിച്ച സമരത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല.
ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നല്കി. യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഫെബ്രുവരി എട്ടിനാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നേരത്തെ തന്നെ യുഡിഎഫ് ചൂണ്ടിക്കാട്ടിയതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നല്കിയിരുന്നതുമാണ് അന്നൊന്നും പ്രതിപക്ഷ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാതിരുന്ന സർക്കാർ, ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നില്‍ സംസ്ഥാന താല്പര്യം മാത്രമല്ല രാഷ്ട്രീയ താല്പര്യവും ഉണ്ടെന്ന് യു ഡി എഫ് സംശയിക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഡല്‍ഹിയില്‍ സമരം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം, യുഡിഎഫില്‍ ചർച്ച ചെയ്ത ശേഷം മറുപടി പറയാമെന്ന ധാരയിലാണ് യോഗം പിരിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ സമരത്തിന്റെ തീയതി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ഇത് രാഷ്ട്രീയ മര്യാദ അല്ലെന്നുകൂടി ഓർമ്മിപ്പിക്കുന്നെന്നും കത്തില്‍ വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്കിയ കത്ത് :പൂർണരൂപം
സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്രാവഗണനയും ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ കൂടി ക്ഷണിച്ചതിന് നന്ദി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ ചില കാര്യങ്ങളോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ യുഡിഎഫ് എംപിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതുമാണ്.
കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നിലപാട് ഞങ്ങള്‍ യോഗത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണന നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ്
നല്കിയിരുന്നതുമാണ് അന്നൊന്നും പ്രതിപക്ഷ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാതിരുന്ന സർക്കാർ, ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നില്‍ സംസ്ഥാന താല്പര്യം മാത്രമല്ല രാഷ്ട്രീയ താല്പര്യവും ഉണ്ടെന്ന് യുഡിഎഫ് സംശയിക്കുന്നു.
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമാ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും ഉള്‍പ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത്.
ജിഎസ്ടിക്ക് അനുസൃതമായി നികുതി ഭരണ സംവിധാനം പരിഷ്ക്കരിക്കാത്തതും ഐജിഎസ്ടി പൂളില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുത്തുന്നതും സ്വർണം, ബാർ എന്നിവയില്‍ നിന്നും നികുതി പിരിക്കാൻ പരാജയപ്പെട്ടതുമാണ് ധനപ്രതിസന്ധിയുടെ മുഖ്യകാരണങ്ങള്‍. വൻകിട പദ്ധതികളുടെ പേരില്‍ നടക്കുന്ന അഴിമതിയും ധൂർത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
സർക്കാരിന്റെയും നികുതി വകുപ്പിന്റെയും ഒത്താശയോടെയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താവാകേണ്ടിയിരുന്ന കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി നികുതി ഭരണസംവിധാനം പൂർണമായും പരാജയപ്പെട്ടു.
വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പ് മാത്രം ആശ്രയിച്ചാണ് ഇക്കഴിഞ്ഞ ഏഴ് വർഷവും അങ്ങയുടെ സർക്കാർ മുന്നോട്ട് പോയത്. യുഡിഎഫ് പുറത്തിറക്കിയ രണ്ടു ധവളപത്രങ്ങളിലും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു.
നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് പകരം എല്ലാ നികുതിയും വർധിപ്പിച്ചും സെസ് ഏർപ്പെടുത്തിയും ധനപ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയാണ് സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയത് പോലെ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയിരിക്കുന്നത് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതോടെ ഡീസലിന്റെ ഉപഭോഗം കുറഞ്ഞു. ഇതിലൂടെ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഇല്ലാതായി.