വന്യമൃഗശല്യം രൂക്ഷം; പൊറുതിമുട്ടി പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആൻഡ് ടി എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങളും കര്‍ഷകരും
സ്വന്തം ലേഖകൻ
പെരുവന്താനം: പ്രദേശത്ത് വര്‍ഷങ്ങളായി കാട്ടാനശല്യം രൂക്ഷമായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്തിയതോടെ ഏതാനം മാസങ്ങളായി ആനശല്യത്തിനു ശമനമുണ്ടായിരുന്നു.
തൊഴിലാളി കുടുംബങ്ങളെയും കര്‍ഷകരെയും ദുരിതത്തിലാക്കി വീണ്ടും തിങ്കളാഴ്ച രാത്രിയില്‍ കടമാൻകുളം പ്രദേശത്ത് കാട്ടാനക്കൂമെത്തി. 15 ആനകളുള്ള കൂട്ടം എസ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. രാവിലെ വനപാലകരെത്തി ആനയെ വനത്തിലേക്ക് ഓടിക്കുകയായിരുന്നു. ശബരിമല സീസണില്‍ കാനന പാതകള്‍ സജീവമാകുന്നതോടെ ആനകള്‍ തീറ്റയും വെള്ളവും തേടി എസ്റ്റേറ്റിന്റെ പല ഭാഗത്തേക്കും എത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനവാസ മേഖലയില്‍ എത്തുന്ന കാട്ടാനക്കൂട്ടം പിന്നീട് ഉള്‍വനത്തിലേക്കു കയറാതെ ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്. ഇതു ജനങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രദേശത്തെ കര്‍ഷകരുടെയും തൊഴിലാളി കുടുംബങ്ങളുടെയും കൃഷി വ്യാപകമായിട്ടാണ് കാട്ടാനക്കൂട്ടം തകര്‍ക്കുന്നത്. എസ്റ്റേറ്റിലെ റബര്‍ മരങ്ങളും കാട്ടാനക്കൂട്ടം കുത്തി മറിക്കും. ജീവൻ പണയം വച്ചാണ് ടാപ്പിംഗിന് പോകുന്നതെന്ന് ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ എസ്റ്റേറ്റ് റോഡുകളിലൂടെ സഞ്ചരിക്കാൻ പോലും ജനങ്ങള്‍ക്ക് പേടിയാണ്.