
സ്വന്തം ലേഖകൻ
കോട്ടയം : കാഞ്ഞിരപ്പള്ളി കാത്തലിക് സിറിയൻ ബാങ്കിൽ നിന്നും തിടനാട് സ്വദേശിയായ യുവാവിന്റെ അധാർ കാർഡിന്റെ പകർപ്പ് ഉപയോഗിച്ച് ഈരാറ്റുപേട്ട സ്വദേശിനിയായ വീട്ടമ്മ ഗോൾഡ് ലോൺ നേടി. വൻ തട്ടിപ്പാണ് കാത്തലിക് സിറിയൻ ബാങ്ക് കേന്ദ്രീകരിച്ച് നടന്നത്.
ലോൺ കിട്ടിയ വനിതയ്ക്ക്
ആധാർ കാർഡിന്റെ പകർപ്പ് കിട്ടിയത് തിടനാടുളള ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൗസിംഗ് ലോണിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് തിടനാടുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും ആധാർ കാർഡിൻ്റെ കോപ്പി യുവാവ് എടുത്തിരുന്നു. ഈ ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നുമാണ് ഈരാറ്റുപേട്ട കൊണ്ടൂർ സ്വദേശിനിയായ വനിതയ്ക്ക് ആധാർ കാർഡിൻ്റെ കോപ്പി കിട്ടിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഈ കോപ്പി ഉപയോഗിച്ചാണ് കാഞ്ഞിരപ്പള്ളി കാത്തലിക് സിറിയൻ ബാങ്കിൽ നിന്നും കൊണ്ടൂർ സ്വദേശിനി സ്വർണ പണയം നേടിയത്.
യുവാവ് ഹൗസിംഗ് ലോൺ എടുക്കാനായി സ്റ്റേറ്റ് ബാങ്കിൽ എത്തിയതോടെയാണ് കാത്തലിക് സിറിയൻ ബാങ്കിൽ തന്റെ പേരിൽ ഗോൾഡ് ലോൺ ഉണ്ടെന്ന് മനസിലാക്കുന്നത്.
ഇതേ തുടർന്ന് യുവാവ് കാഞ്ഞിരപ്പളളി കാത്തലിക്
സിറിയൻ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. ലോൺ ഉണ്ടെന്നും 55000 / – (അൻപത്തിഅയ്യായിരം) രൂപ അടയ്ക്കണമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
യുവാവിന്റെ ആവശ്യപ്രകാരം ബാങ്ക് അധികൃതർ ലോണിൻ്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഈരാറ്റുപേട്ട കൊണ്ടൂർ സ്വദേശിനിയായ വനിത തന്റെ ആധാർ കാർഡിൻ്റെ കോപ്പി ഉപയോഗിച്ച് ലോൺ നേടിയതായി മനസ്സിലാക്കിയത്.
ഇതേ തുടർന്ന് യുവാവ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു. പൊലിസ് അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതോടെ ഫോട്ടോസ്റ്റാറ്റ് കടയുടമ സൗമ്യയെ ഒന്നാം പ്രതിയാക്കിയും ലോൺ എടുത്ത വനിതയേയും ക്രമക്കേടിന് കൂട്ടുനിന്ന് ലോൺ പാസാക്കി നല്കിയ ബാങ്ക് ജീവനക്കാരിയേയും കൂട്ടുപ്രതികളാക്കിയും കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സമാനമായ രീതിയിൽ നിരവധി പേരുടെ അധാർ കാർഡ് അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്തിട്ടുളളതായും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന സൂചന.