അതിതീവ്ര മഴ; ആലപ്പുഴയ്ക്കും അവധി പ്രഖ്യാപിച്ചു; എറണാകുളത്തും , കാസർകോട്ടും എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി; കോട്ടയത്തിനും കൂടി അവധി തരണമെന്ന് കളക്ടറോട് അപേക്ഷിച്ച് വിരുതന്മാർ, വൈറലായി ഫെയ്സ്ബുക്ക് പോസ്സ് !
സ്വന്തം ലേഖകൻ
ആലപ്പുഴ: കനത്ത മഴ തുടരവേ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണു കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിലും എറണാകുളത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
കാസർകോട്ട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു അവധി. ആലപ്പുഴയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്കു മാറ്റമില്ല. എറണാകുളത്ത് കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
അതേസമയം കോട്ടയം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഞങ്ങള്‍ക്കും അവധി തരണേയെന്ന് അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ് വിരുതൻമാർ. കളക്ടറുടെ കമന്‍റ് ബോക്സ് നിറയെ അവധി ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനകളുടെ പെരുമഴയാണ്.
ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.
അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.