play-sharp-fill
10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ; 3.22 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി; മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായെന്ന് വിശദീകരണം

10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ; 3.22 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി; മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ചു. വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്.

പുതിയ വാഹനം വന്നാൽ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകും. മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായിരുന്നു ഈ കാറുകൾ. ഡൽഹിയിലേക്കാണ് ഈ കാറുകൾ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിമാർക്കും പുതിയ കാറുകൾ എത്തുന്നത്. മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു.നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു.

തുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങൾ വാങ്ങാനേ ധനവകുപ്പ് അനുമതി നൽകിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാൻ നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പ് നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയത്. ഇവയുടെ നിറം പിന്നീട് വെള്ളയിൽ നിന്ന് കറുപ്പാക്കി മാറ്റുകയും ചെയ്തിരുന്നു. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.