
സ്വന്തം ലേഖകൻ
മുഴക്കുന്ന്: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ചരിത്രശേഷിപ്പുകൾ കണ്ടെത്തി സൂക്ഷിക്കുന്നതിനായി പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിച്ച പഴശ്ശി മ്യൂസിയത്തിലേക്ക് ചരിത്രശേഷിപ്പുകൾ കണ്ടെത്താൻ വിവര ശേഖരണ വിദഗ്‌ധ സമിതിയായി.
തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ പെടുത്തി മലബാർ ദേവസ്വം ബോർഡാണ് പഴശ്ശി മ്യൂസിയം നിർമിച്ചത്. താളിയോല ഗ്രന്ഥങ്ങൾ, പ്രാചീന പുസ്തകങ്ങൾ, അപൂർവ ഗ്രന്ഥങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ കണ്ടെത്തി സൂക്ഷിക്കുകയാണ് ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷിപ്പുകൾ കണ്ടെത്തി അവയുടെ ചരിത്രമൂല്യം നിർണയിക്കാൻ വിദഗ്ധസമിതി പ്രവർത്തനപദ്ധതി തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കും.വ്യക്തികൾ, കോട്ടയം രാജകുടുംബങ്ങൾ എന്നിവരുടെ പക്കലുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്താനാണ് സമിതി രൂപീകരിച്ചത്.
കോട്ടയം രാജകുടുംബത്തിന്റെ ആരുഢക്ഷേത്രമായ പോർക്കലി ഭഗവതിയും പഴശ്ശിരാജാവും കഥകളിയുടെ ഉത്ഭവവും മ്യൂസിയത്തിന്റെ ഭാഗമാക്കും.ചരിത്രരേഖകൾ കൈമാറുന്നവരുടെ കുടുംബ പേരുകൾ രേഖകൾക്കൊപ്പം ആലേഖനം ചെയ്യും.
ഇത്തരം വിവരങ്ങളോ രേഖകളോ കൈവശമുള്ളവർ വിവരശേഖരണ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ, ചിത്രകാരൻ കെ കെ മാരാർ, പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, മലബാർ ദേവസ്വം ബോർഡ് തലശേരി ഏരിയാ ചെയർമാൻ ടി സി സുധി, അസി. കമീഷണർ എൻ കെ ബൈജു, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ, കെ ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.