play-sharp-fill
തൊടുപുഴയിൽ പതിനേഴുകാരിയായ  പെണ്‍കുട്ടിയെ പ്രതികള്‍ സമീപിച്ചത്  ജോലി വാങ്ങിത്തരാമെന്ന് ഓഫർ നൽകി ;കാഴ്ചവച്ചത് പതിനഞ്ചോളം പേര്‍ക്ക്;  സംഭവം പുറംലോകമറിഞ്ഞത് പെൺകുട്ടി  ആശുപത്രിയിലായതോടെ

തൊടുപുഴയിൽ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ സമീപിച്ചത് ജോലി വാങ്ങിത്തരാമെന്ന് ഓഫർ നൽകി ;കാഴ്ചവച്ചത് പതിനഞ്ചോളം പേര്‍ക്ക്; സംഭവം പുറംലോകമറിഞ്ഞത് പെൺകുട്ടി ആശുപത്രിയിലായതോടെ

സ്വന്തം ലേഖിക

തൊടുപുഴ :തൊടുപുഴയിൽ പിതാവ് ഉപേക്ഷിച്ച് പോയ പതിനേഴുകാരിയെ ഒന്നര വര്‍ഷത്തോളം തുടര്‍ച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍.ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞു ഒരു ഇടനിലക്കാരനാണ് ദരിദ്ര കുടുംബാംഗമായ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ചത്. ഇരയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്.


ഇടനിലക്കാരന്‍ കുമാരംമംഗലം മംഗലത്ത് വീട്ടില്‍ രഘു (ബേബി- 51), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് സ്വദേശി വാളമ്ബിള്ളില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് വീട്ടില്‍ ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ടു വീട്ടില്‍ തോമസ് ചാക്കോ (27), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 15 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച്‌ പോയ പെണ്‍കുട്ടിയുടെ അമ്മ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ബ്രോക്കറായ രഘു ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2020 അവസാനത്തോടെ പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. ഇതു വിശ്വസിച്ചാണ് പെണ്‍കുട്ടി രഘുവിനൊപ്പം തങ്കച്ചനെ പരിചയപ്പെടാനെത്തിയത്. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് വന്‍ തുക വാങ്ങി പെണ്‍കുട്ടിയെ പലരുടെയും അടുത്ത് എത്തിക്കുകയായിരുന്നു. രണ്ട് മാസം മുൻപ് വരെ പീഡനം തുടര്‍ന്നു.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പോക്‌സോ ചുമത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി. ജീന്‍പോളിന്റെ നേതൃത്വത്തില്‍ സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്.ഐമാരായ കൃഷ്ണന്‍ നായര്‍, ഹരിദാസ്, എ.എസ്.ഐമാരായ ഷംസുദ്ദീന്‍, നജീബ്, നിസാര്‍, ഉഷാദേവി, എസ്.സി.പി.ഒ. ബിന്ദു, സി.പി.ഒ നീതു എന്നിവരാണ് അന്വേഷണം നടത്തുന്നത്.