സമ്പൂർണ്ണ നേന്ത്രവാഴ ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

Spread the love

സ്വന്തം ലേഖകൻ

കൂരോപ്പട: ത്രിതല പഞ്ചായത്തുകൾ പദ്ധതി രൂപീകരിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി അംഗം അഡ്വ.ഫിൽസൺമാത്യൂസ് പ്രസ്താവിച്ചു.

സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന കൂരോപ്പട ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലെ സമ്പൂർണ്ണ നേന്ത്രവാഴ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫിൽസൺ മാത്യൂസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100% നികുതി പിരിവ് പൂർത്തീകരിച്ചതിന്‌ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് ഏഴാം വാർഡിന് അനുവദിച്ച ഒരു ലക്ഷം രൂപാ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് അംഗം അനിൽ കൂരോപ്പടയും കൃഷി ഓഫീസർ സൂര്യയും പറഞ്ഞു.

നികുതി കൃത്യമായി അടച്ച ഏഴാം വാർഡിലെ എല്ലാ കുടുംബങ്ങൾക്കും വാഴതൈകളും തെങ്ങിൻ തൈകളും നൽകുന്ന സമ്പൂർണ്ണ വാഴ ഗ്രാമം പദ്ധതിയും, സമ്പൂർണ്ണ കേരഗ്രാമം പദ്ധതിയുമാണ് നടപ്പിലാക്കുന്നത്.

സമ്പൂർണ്ണ നേന്ത്ര വാഴ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി വാഴതൈകൾ നൽകുകയും ചെയ്തു.

ഇടയ്ക്കാട്ടുകുന്ന് സെൻ്റ്.ജോൺസ് ഓർത്തഡോക്സ് പള്ളി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞൂഞ്ഞമ്മ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് സെക്രട്ടറി മിനി മുരളി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി അന്ത്രയോസ്, പദ്ധതി നിർവ്വഹണ സീനിയർ ക്ലാർക്ക് ആനന്ദ് കുമാർ, കൃഷി ഓഫീസർ റ്റി.ആർ സൂര്യാ മോൾ തുടങ്ങിയവർ പ്രസംഗിച്ചു.