‘കോൺഗ്രസ് ഇടപെട്ടതോടെയാണ് നാർക്കോട്ടിക് ജിഹാദ് വിവാദം അയഞ്ഞത്; മന്ത്രി വി.എൻ.വാസവൻ ബിഷപ്പിനെ സന്ദർശിച്ചതിൽ തെറ്റില്ല; ബിഷപ് ഉന്നയിച്ച വിഷയത്തിൽ മുതലെടുപ്പ് നടത്താൻ സംഘപരിവാർ അജണ്ടയുണ്ട്’; വി.ഡി.സതീശൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസ് ഇടപെട്ടതോടെയാണ് നാർക്കോട്ടിക് ജിഹാദ് വിവാദം അയഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിൻറെ ഭാഗത്തു നിന്നും പ്രശ്നപരിഹാരത്തിന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയാൽ പ്രതിപക്ഷം സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സിപിഎമ്മിന് നിലപാടില്ല. പല അഭിപ്രായങ്ങളാണ് സിപിഎം രേഖപ്പെടുത്തിയത്. പാലാ ബിഷപ് ഉന്നയിച്ച വിഷയത്തിൽ മുതലെടുപ്പ് നടത്താൻ സംഘപരിവാർ അജണ്ടയുണ്ട്. സമൂഹമാധ്യമങ്ങൾ വഴി വ്യാജ ഐഡികൾ നിർമിച്ച് ഭിന്നത വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മന്ത്രി വി.എൻ.വാസവൻ ബിഷപ്പിനെ സന്ദർശിച്ചതിൽ തെറ്റില്ലെന്നും സർക്കാർ വിഷയത്തിൽ പക്ഷം പിടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദ നിലപാടുള്ളവർ കാമ്പസിലെ യുവതികളെ ലക്ഷ്യംവയ്ക്കുന്നുവെന്ന് സിപിഎം റിപ്പോർട്ട് ഏത് വിവരത്തിൻറെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. സിപിഎം പോലൊരു പാർട്ടി വെറുതെ പറയുമെന്ന് കരുതുന്നില്ലെന്നും അത്തരം വിവരങ്ങൾ കൈവശമുണ്ടെങ്കിൽ പോലീസിന് കൈമാറാൻ തയാറാകണനെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.