കോവിഡിനും ഒമിക്രോണിനും പിന്നാലെ പക്ഷിപ്പനിയും; ആലപ്പുഴയിൽ കൂട്ടത്തോടെ ചത്തത് 9000ത്തോളം താറാവുകൾ
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി ഭീതി വീണ്ടും. ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തത്. പുറക്കാട് അറുപത്തിൽചിറ ജോസഫ് ചെറിയാന്റെ രണ്ടര മാസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങളാണ് ചത്തത്. തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ച സാമ്പിൾ വിശദ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ് കേന്ദ്രത്തിലേക്ക് അയച്ചു.
തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളർത്തിയിരുന്നത്. ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിൻ കുഞ്ഞുങ്ങളെയാണ് വളർത്തിയത്. എന്നാൽ, കഴിഞ്ഞ ആഴ്‌ച മുതൽ താറാവുകൾ ചത്തുതുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി കുത്തിവെപ്പും മരുന്നും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇനി നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. അവയുടെ നിലയും മോശമാണ്. രോഗം വരാത്ത താറാവുകളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പുറംബണ്ടിലേക്ക് വാഹനം എത്താത്തതിനാൽ താറാവുകളെ കുഴിയെടുത്ത് സംസ്‌കരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
അതേസമയം, ചത്ത താറാവുകളുടെ സാമ്പിൾ പരിശോധനാ ഫലം വൈകരുതെന്ന് ചീഫ് വെറ്റിനറി ഓഫിസർ ഡോ.എസ് ലേഖ നിർദ്ദേശിച്ചു. കഴിഞ്ഞ വർഷവും ജോസഫിന്റെ പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.