5ജി മുന്നേറ്റത്തില്‍ റിലയന്‍സിനൊപ്പം കൈകോര്‍ത്ത് നോക്കിയയും; നോക്കിയയെ പ്രധാന വിതരണക്കാരായി തിരഞ്ഞെടുത്ത് ജിയോ; ഇനി കളി അല്പം കാര്യമാകും
സ്വന്തം ലേഖിക
മുംബൈ: 5ജി മുന്നേറ്റത്തില്‍ ജിയോയ്ക്ക് ഒപ്പം കൈക്കോർത്ത് നോക്കിയയും.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയുടെ ഹുവായ് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയന്‍സ്-നോക്കിയ കരാര്‍ എന്നതും ശ്രദ്ധേയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്‌സസ് നെറ്റ്‌വര്‍ക്ക് (RAN) ഉപകരണങ്ങള്‍ ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്. ബേസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന ശേഷിയുള്ള 5ജി മാസിവ് മിമോ ആന്റിനകള്‍, വിവിധ സ്പെക്‌ട്രം ബാന്‍ഡുകളെ പിന്തുണയ്‌ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്‌സ്, സ്വയം-ഓര്‍ഗനൈസിംഗ് നെറ്റ്‌വര്‍ക്ക് സോഫ്‌റ്റ്‌വെയര്‍ എന്നിവയുള്‍പ്പെടെയുള്ള എയര്‍സ്‌കെയില്‍ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നാണ് നോക്കിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.
സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് നെറ്റ്‌വര്‍ക്ക് നിര്‍ണായകമാണ്. അതിനാല്‍ ഇന്ത്യയിലെ 5ജി ഡാറ്റ വേഗത 4ജിയേക്കാള്‍ 10 മടങ്ങ് വേഗത്തിലായിരിക്കുമെന്നാണ് സൂചന.
എല്ലാ ഉപഭോക്താക്കളുടെയും എക്സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യകളില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്താന്‍ ജിയോ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി അറിയിച്ചിരുന്നു. റിലയന്‍സ് ജിയോ അതിന്റെ 5ജിയുടെ ചെലവ് പദ്ധതികള്‍ക്കായി പുറത്തെ വാണിജ്യ വായ്പകള്‍ വഴി 1.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 12,400 കോടി രൂപ) സമാഹരിക്കാന്‍ പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.