മൂന്ന് കോടി രൂപ ചിലവിട്ട് കോട്ടയം പൊങ്ങലക്കരി പാലം ഒരുങ്ങുന്നു;നിർമാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം,മന്ത്രി വി. എൻ. വാസവൻ.
സ്വന്തം ലേഖിക.
കോട്ടയം :സുഗമമായ വാഹനഗതാഗതം എന്ന കോട്ടയം പൊങ്ങലക്കരി നിവാസികളുടെ കാലങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാക്കാൻ പൊങ്ങലക്കരി പാലം ഒരുങ്ങുന്നു.കുമരകം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലെ തുരുത്തായ പൊങ്ങലക്കരിലേക്ക് കാറും ചെറിയ ലോറികളും കടന്നു പോകുന്ന പാലമാണ് നിർമിക്കുന്നത്.
സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടിയും പഞ്ചായത്തും ചേർന്ന് നിർമിച്ച പാലമാണ് നിലവിൽ പൊങ്ങലക്കരിയിലേക്കുള്ളത്. ഇതിലൂടെ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കടന്നു പോകാൻ കഴിയുക. ഇരുനൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വാഹനങ്ങൾ കയറുന്ന പുതിയ പാലം പണിക്കായി മൂന്നു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ചെറിയ ബോട്ടുകളും വള്ളങ്ങളും വള്ളങ്ങളും പാലത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന രീതിയിലാവും നിർമാണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പൊങ്ങലക്കരി പാലം യാഥാർഥ്യമാകുമ്പോൾ കുമരകത്തിന്റെ ഒരു മേഖലയിൽ കൂടി ടൂറിസത്തിന്റെ പുതുസാധ്യതകളാണ് തുറക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന വിസ്തൃതിയേറിയ ജലാശയമാണു പാലത്തിനു കിഴക്കും പടിഞ്ഞാറുമായി നിലകൊള്ളുന്നത്. പാലം ഉയർത്തി പണിയുന്നതോടെ പടിഞ്ഞാറ് ഭാഗത്തേക്ക് കൂടി വിനോദ സഞ്ചാരികൾക്ക് എത്താൻ കഴിയും.
തെരഞ്ഞെടുപ്പ് സമയത്ത് ഈ മേഖലയിലെ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് യാഥാർത്ഥ്യമാകുന്നത്. ഗ്രാമീണ ടൂറിസത്തിനു അനവധി സാധ്യതയുള്ള പ്രദേശമാണ് ഇവിടമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. പാടങ്ങൾ, ആമ്പൽ വസന്തം എന്നിവ ഈ പ്രദേശത്തെ മനോഹരമാക്കുന്നു. കൂടാതെ പരമ്പരാഗത തൊഴിലുകളായ ഉൾനാടൻ മൽസ്യബന്ധനം, കക്കാവാരൽ, കട്ടകുത്ത്, പാ നെയ്ത്ത്, ഓലമെടയൽ, കള്ളുചെത്ത് എന്നിവയാൽ സമ്പന്നമാണ് ഇവിടം. അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ചു സന്തോഷകരമായ സായാഹ്നങ്ങൾ ചിലവിടാൻ മനോഹരമായ പ്രദേശമാണിത്.
ഗ്രാമീണടൂറിസം പദ്ധതിയിലൂടെ പ്രദേശത്തിന് പുത്തൻ ഉണർവ് നൽകുകയാണ് സർക്കാർ ലക്ഷ്യം. ടൂറിസത്തിനു പ്രസിദ്ധമായ ആർ ബ്ലോക്കിൽ എളുപ്പ മാർഗം എത്തിച്ചേരാൻ ബോട്ട് സർവീസിലൂടെ സാധ്യമാകും. കൂടാതെ ടൂറിസ്റ്റുകൾക്ക് ഉല്ലാസയാത്രയ്ക്കുള്ള അവസരവും ഒരുങ്ങുകയാണ്. നിലവിലെ നടപ്പാലത്തിനടിയിലൂടെ ബോട്ട്, ചരക്കു ഗതാഗതം സാധ്യമല്ല. പുതിയ പാലം പൂർത്തിയാകുന്നതിലൂടെ ചരക്ക് ഗതാഗതം കൂടുതൽ സുഗമമാകും.
ഉൾനാടൻ ജലപാതാ വികസനത്തിന് കൂടുതൽ സാധ്യതകൾ തുറക്കുന്നതാണ് പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണം.ആലപ്പുഴ – കുമരകം പൊങ്ങാലക്കാരി ബോർ സർവീസ് ആലപ്പുഴ – പൊങ്കാലക്കാരി ബോട്ട് സർവീസ് ആരംഭിക്കുന്നതിനു പാലം പണി പൂർത്തിയാകുന്നതോടെ സാധ്യമാവും. ഇപ്രകാരം ഒരു ബോട്ട് സർവീസ് ആരംഭിക്കുന്നതിലൂടെ നൂറുകണക്കിന് യാത്രക്കാർക്ക് ഗുണകരമാകും.
കൂടാതെ കാർഷിക മേഖലയായ പത്തുപങ്ക്, മെത്രാൻ കായൽ, ആപ്പുകായൽ, മാരാൻകായൽ, പതിനാലായിരം, റാണി, ചിത്തിര, മാർത്താണ്ഡൻ കായൽ തുടങ്ങി നിരവധിയായ പാടശേഖരങ്ങിലെ കർഷകരും കർഷകത്തൊഴിലാളികളും സ്വകാര്യ വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിച്ചാണ് ഈ കാർഷിക മേഖലയിൽ എത്തിച്ചേരുന്നത്. ബോട്ട് സർവീസ് വരുന്നതോടെ കാർഷിക മേഖലയിലും വലിയ ഉണർവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.