പുഴയിൽ ബന്ധുക്കൾക്കൊപ്പമെത്തി നീന്തിക്കുളിക്കുന്നതിനിടെ ശരീരം തളർന്ന് വിദ്യാർത്ഥി മുങ്ങിമരിച്ചു

Spread the love

കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ നീന്തുന്നതിനിടെ ശരീരം തളർന്ന് വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്പ് സ്വദേശി മുഹമ്മദ് നാസിൽ (20) ആണ് മരിച്ചത്. നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപ്പോവുകയായിരുന്നു. കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥിയും മുങ്ങിമരിച്ചു.

കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നാസിൽ അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ബന്ധുക്കൾക്കൊപ്പം മാമ്പുഴയിലെ കീഴ്‌മാട് കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. ഇവർ സ്ഥിരമായി കുളിക്കുന്ന കടവാണിത്. പെട്ടെന്ന് ശരീരം തളർന്ന് നാസിൽ പുഴയിൽ മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും നാസിലിനെ കണ്ടെത്താനായില്ല. ഇവരുടെ നിലവിളി കടവിലേക്ക് ഓടിയെത്തിയ പരിസരവാസിയായ ഒരാൾ പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്തി. ഇദ്ദേഹം നാസിലിനെ കണ്ടെത്തി കരക്കെത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് ജിഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയാണ് മരിച്ച നാസിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാസിലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സ്ഥിരമായി കുളിക്കുന്ന കടവിൽ നീന്തൽ നല്ല വശമുള്ള നാസിൽ മുങ്ങിപ്പോകാൻ കാരണമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പോസ്റ്റ്‌മോർ‍ട്ടം പരിശോധനയിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

കണ്ണൂർ പള്ളിക്കുന്നിൽ കുളത്തിൽ കുഴിക്കുന്നതിനിടെയാണ് ബിഡിഎസ് വിദ്യാർത്ഥി മരിച്ചത്. കർണാടക സുള്ള്യ സ്വദേശിയാണ് മരിച്ച അസ്തിക് രാഘവ് (19). അവധി ദിനം ആഘോഷിക്കാൻ കണ്ണൂർ കൊറ്റാളിയിലെ സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു അസ്തിക്.

അതിനിടെ തൃശ്ശൂരിൽ മുങ്ങിമരിച്ചതെന്ന് കരുതുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മണലിപ്പുഴയിൽ കടലാശ്ശേരി പാലക്കടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പുരുഷനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.