ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയത് ഒൻപതുപേർ ; ഭൂരിപക്ഷം തലനാരിഴയ്ക്ക് നഷ്ടമായി തരൂർ ; 2019 ലെ കുതിപ്പ് തുടരുമോ… എന്ത് മാറ്റമാവുക കേരളത്തിൽ സംഭവിക്കുക
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീണ്ടുമൊരു ലോക്‌സഭ തെരഞ്ഞെടുപ്പിന് അങ്കത്തട്ട് തയ്യാറാവുകയാണ്. 2019ല്‍ 20ല്‍ 19 സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് തരംഗമുണ്ടായ കേരളത്തില്‍ 9 സ്ഥാനാര്‍ഥികളാണ് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയത്. തൊട്ടുമുമ്പത്തെ 2014 പൊതു തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് പേര്‍ മാത്രം ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനത്തായിരുന്നു 2019ലെ ഈ വന്‍ കുതിപ്പ്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നു പേരെ കേരളത്തില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വെന്നിക്കൊടി പാറിച്ചുള്ളൂ. മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ ഇ അഹമ്മദ് (1,94,739 വോട്ടുകള്‍), പാലക്കാട് സിപിഎമ്മിന്‍റെ എം ബി രാജേഷ് (1,05,300 വോട്ട്), കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജോസ് കെ മാണി (1,20,599 വോട്ടുകള്‍) എന്നിവരായിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിഞ്ഞ 2019ല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ നിന്ന് വിജയിച്ചു. കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷമായി ഇത് മാറി. മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ പി കെ കുഞ്ഞാലിക്കുട്ടി (2,60,153), പൊന്നാനിയില്‍ മുസ്ലീം ലീഗിന്‍റെ ഇ ടി മുഹമ്മദ് ബഷീര്‍ (1,93,273), ആലത്തൂരില്‍ കോണ്‍ഗ്രസിന്‍റെ രമ്യ ഹരിദാസ് (1,58,968), ചാലക്കുടിയില്‍ കോണ്‍ഗ്രസിന്‍റെ ബെന്നി ബഹന്നാന്‍ (1,32,274), എറണാകുളത്ത് കോണ്‍ഗ്രസിന്‍റെ ഹൈബി ഈഡന്‍ (1,69,153), ഇടുക്കിയില്‍ കോണ്‍ഗ്രസിന്‍റെ ഡീന്‍ കുര്യാക്കോസ് (1,71,053), കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തോമസ് ചാഴിക്കാടന്‍ (1,06,259), കൊല്ലത്ത് ആര്‍എസ്‌പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ (1,48,856) എന്നിവര്‍ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം അക്കൗണ്ടിലാക്കി. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശരി തരൂരിന് ഒരുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം (99,989) തലനാരിഴയ്ക്ക് നഷ്ടമായി.
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞ 2019 തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം വിജയിച്ച ഏക എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എ എം ആരിഫിനായിരുന്നു. 80.35 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത ആലപ്പുഴ മണ്ഡലത്തില്‍ 10,474 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ആരിഫ് എല്‍ഡിഎഫിന്‍റെ കനല്‍ ഒരു തരിയായി മാറിയത്.